പഹല്‍ഗാം ഭീകരാക്രമണം: മുഖ്യ സൂത്രധാരന്‍ സൈഫുള്ള കസൂരി; ആക്രമണം പാകിസ്ഥാനില്‍ നിന്ന് നിയന്ത്രിച്ചു – പ്രധാനമന്ത
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ലഷ്‌കര്‍ ഇ തയ്ബ ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് സൈഫുള്ള കസൂരിയാണെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. ലഷ്‌കര്‍ ഭീകരനായ ഹാഫിസ് സയീദിന്റെ അടുത്ത അനുയായിയായ ഇയാള്‍ പാകിസ്ഥാനില്‍ നിന്ന് ആക്രമണം നിയന്ത്രിച്ചുവെന്ന് റിപ്പോര്‍ട്ട്. ആക്രമണത്തിനായി സ്‌ട്രിംസ്റ്റ് സംഘത്തിന് അവിടെ നിന്ന് പരിശീലനം ലഭിച്ചതായും ഇന്റലിജന്‍സ് ഏജന്‍സികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ആറംഗ സംഘമാണ് ഭീകരാക്രമണത്തിന് പിന്നിലുള്ളതെന്നും, ശ്രീനഗറിലെ ആക്രമണസ്ഥലത്ത് നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്ക് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. ബ്രിജ് ബഹേര സ്വദേശിയായ ആദില്‍ തോക്കര്‍ സംഘത്തിൽ പങ്ക് വഹിച്ചിട്ടുണ്ടാകാമെന്നുമാണ് സംശയം. ലഷ്‌കറുമായി ഇയാളിന് ബന്ധമുണ്ടായിരുന്നുവെന്ന സൂചനയുണ്ട്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ദ് റെസിസ്റ്റന്‍സ് ഫ്രണ്ട് ഏറ്റെടുത്തിട്ടുണ്ട്. പ്രദേശത്ത് സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ‘ഓപ്പറേഷന്‍ ടിക്ക’ എന്ന പേരിലാണ് സൈനിക പ്രവര്‍ത്തനം നടക്കുന്നത്. അതിര്‍ത്തിയില്‍ ഷെല്ലാക്രമണവും നടന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തുകയും ഏറ്റുമുട്ടല്‍ തുടരുകയുമാണ്. ഈ സംഭവത്തെ തുടര്‍ന്ന് സൗദി അറേബ്യ സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തരമായി ഇന്ത്യയിലെത്തി. ഡല്‍ഹി വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയില്‍ ചേര്‍ന്ന യോഗത്തില്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി തുടങ്ങിയവര്‍ പങ്കെടുത്തു. അതിനിടെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 26 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നിന്ന് 6 പേര്‍, ഗുജറാത്ത്, കര്‍ണാടകയില്‍ നിന്ന് 3 പേര്‍ വീതം, ബംഗാള്‍-2, ആന്ധ്ര-1, കേരളം-1, യുപി, ഒഡീഷ, ബിഹാര്‍, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, മധ്യപ്രദേശ്, കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്ന് ഒരാള്‍ വീതം, നേപ്പാളില്‍ നിന്നുള്ള ഒരാളുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ 17 പേരില്‍ 4 പേരുടെ നില ഗുരുതരമാണ്. തമിഴ്‌നാട് സ്വദേശിയായ ഒരാള്‍ അബോധാവസ്ഥയിലാണ്.